നരിമറ്റത്തിൽ കുടുംബത്തിന്റെ ചരിത്രം തേടി ഇറങ്ങിയപ്പോൾ അത് ചെന്നുനിന്നത് പിറവത്തിനടുത്ത് മുളക്കുളം കരയിൽ നിന്നും 400 വർഷങ്ങൾക്കപ്പുറത്ത് കോട്ടയം ജില്ലയിലെ മേവേടയിൽ വന്നു താമസം ആരംഭിച്ച് നരിമറ്റത്തിൽ എന്ന കുടുംബ പേര് സ്വീകരിച്ച പൂർവികരിലേക്കാണ്. അവിടെ നിന്നും 1930 ൽ അറക്കുളത്തേക്കും, 1947 മുതൽ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കും പിന്നീട് കാലക്രമത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ച്, ശാഖകൾ വിരിച്ചു നിൽക്കുന്ന ഒരു വട വൃക്ഷം കണക്ക് പടർന്ന് പന്തലിച്ചു നിൽക്കുന്ന ഒരു വലിയ കുടുംബമായി മാറിയിരിക്കുകയാണ് നരിമറ്റത്തിൽ കുടുംബം. ഇത്രയും പഴക്കം ചെന്ന ഒരു കുടുംബത്തിന്റെ പ്രഥമ സംഗമം കണ്ണൂർ ജില്ലയിലെ കച്ചേരികടവിൽ ഒരു ചരിത്ര മുഹൂർത്തമായി 2023 ഡിസംബർ 26ന് സംഘടിപ്പിക്കുമ്പോൾ ഏറെ കാലങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഒരു കൂട്ടായ്മ ആഗ്രഹിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ച ബഹുമാനപ്പെട്ട മാത്യു നരിമറ്റത്തിൽ അച്ചന്റെ പരിശ്രമങ്ങൾ ഒരു പ്രചോദനമായി മാറി എന്ന് പറയാതെ വയ്യ.
സ്വാതന്ത്ര്യ സമരത്തിന്റെ രണഭൂമിയിൽ വീറോടെ പൊരുതി ജയിൽവാസം അനുഭവിച്ച ദേശസ്നേഹികൾ മുതൽ, സഭയുടെ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ച പ്രഗൽഭരായ വൈദികർ, സന്യസ്തർ പൊതുരംഗങ്ങളിൽ നിറ സാന്നിധ്യങ്ങളായി മാറിയ ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, ശാസ്ത്രജ്ഞൻമാർ, ഡോക്ടർമാർ, എൻജിനീയർമാർ, നേഴ്സുമാർ, അധ്യാപകർ, സൈനികർ കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് ഉദ്യോഗസ്ഥർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർ, സ്വയം സംരംഭകർ, ബിസിനസുകാർ, കർഷകർ തുടങ്ങിയ ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നവരാണ് നരിമറ്റത്തിൽ കുടുംബാംഗങ്ങൾ എന്നതിൽ നമുക്ക് അഭിമാനിക്കാം.
രണ്ടാം ലോകമഹായുദ്ധം അവശേഷിപ്പിച്ച ദാരിദ്ര്യവും, പട്ടിണിയും അതിജീവിക്കുവാൻ തിരുവിതാംകൂറിൽ നിന്നും ഇടുക്കിയിലേക്കും, മലബാറിലേക്കും മണ്ണ് തേടി ഇറങ്ങിയ നമ്മുടെ പൂർവ്വികരുടെ അധികമാരും അറിയാത്ത ഐതിഹാസികമായ അതിജീവനത്തിന്റെ അനുഭവങ്ങൾ അനാവരണം ചെയ്യുക എന്നൊരു ലക്ഷ്യം കൂടി ഈ ചരിത്ര പുസ്തകം മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഇല്ലായ്മയുടെ നാളുകളിൽ പച്ചക്കട്ടകൾ കൊണ്ട് കെട്ടി, പുല്ലുമേഞ്ഞ, അസൗകര്യങ്ങളുടെ തറവാടുകളിൽ വല്യപ്പനും, വല്യമ്മയും, അപ്പനും, അമ്മയും, മക്കളും കൊച്ചുമക്കളുമായി പകർച്ചവ്യാധികളുടെയും, പട്ടിണിയുടെയും, പ്രകൃതിക്ഷോഭങ്ങളുടെയും മുന്നിൽ ദൈവവിശ്വാസവും, ആത്മവിശ്വാസവും കൈമുതലാക്കി ഉള്ളത് പങ്കുവെച്ചും, പരസ്പരം സഹായിച്ചും, സ്നേഹിച്ചും, ചേർത്തുപിടിച്ചും ഒരു മനസ്സോടെ, സംതൃപ്തിയോടെ കഴിഞ്ഞിരുന്നുവെങ്കിൽ, ഇന്ന് ആധുനിക സൗകര്യങ്ങളും ആഡംബരങ്ങളും ഒക്കെ വർദ്ധിച്ച ഈ കാലഘട്ടത്തിൽ അപ്പനും, അമ്മയും മക്കളും മാത്രമായി സുരക്ഷിത ജീവിത സാഹചര്യങ്ങളിലേക്ക് ചേക്കേറിയപ്പോൾ പരസ്പരം തിരിച്ചറിയുവാനും, മനസ്സിലാക്കുവാനും സാധിക്കാതെ പോകുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.
ഒറ്റക്കു നിൽക്കുന്നവരെ എളുപ്പം തോൽപ്പിക്കാൻ സാധിക്കും, എന്നാൽ ഒരുമിച്ച് നിൽക്കുന്നവരെ പരാജയപ്പെടുത്തുക അത്ര എളുപ്പമല്ല. കുടുംബവും കുടുംബാംഗങ്ങളും ഒരുമിച്ച് നിൽക്കുമ്പോൾ അതൊരു ശക്തിയാണ്. ആരും എവിടെയും ഒറ്റയ്ക്കല്ല ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് നമുക്ക് ഒരുമിച്ച് മുന്നേറാം. ഇതാണ് ഈ ചരിത്ര പുസ്തകവും, ഈ കുടുംബ സമ്മേളനവും നമുക്ക് നൽകുന്ന സന്ദേശം. ഈ ഒരുമിച്ചു ചേരൽ അതിനു നമ്മെ സഹായിക്കട്ടെ. സർവ്വശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
2023 ഡിസംബർ 26ന് നരിമറ്റത്തിൽ കുടുംബയോഗം കച്ചേരിക്കടവ് സെന്റ് ജോർജ് ഇടവകയിൽ വച്ച് നടക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. കച്ചേരിക്കടവിന്റെ കുടിയേറ്റ ചരിത്രത്തിൽ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്തവിധം അനുസ്മരിക്കേണ്ട കുടുംബങ്ങളാണ് ആദ്യകാലത്ത് തന്നെ കച്ചേരിക്കടവിന്റെ ഹൃദയഭാഗത്ത് താമസം ആരംഭിച്ച നരിമറ്റത്തിൽ കുടുംബങ്ങൾ.
ഈ നാടിന്റെ വികസനത്തിനും, വളർച്ചയ്ക്കും നരിമറ്റത്തിൽ കുടുംബങ്ങൾ നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്.കൂട്ടുപുഴ കടന്ന് കാട്ടുവഴികളിലൂടെ മാത്രം സഞ്ചരിച്ച് ഈ പ്രദേശത്ത് എത്തപ്പെട്ട പൂർവികർ ആദ്യം നടത്തിയ പരിശ്രമങ്ങളിൽ ഒന്ന് വിശുദ്ധ കുർബാനയ്ക്ക് വേണ്ടിയുള്ള പരിശ്രമങ്ങളാണ്. അങ്ങനെ 1950ൽ ഓലമേഞ്ഞ ഷെഡ്ഡിൽ ഇവിടെ മാസത്തിലൊരിക്കൽ വിശുദ്ധ കുർബാനയ്ക്കായി കിളിയന്തറ പള്ളിയിൽ നിന്നും വൈദികനെത്തി. പിന്നീടങ്ങോട്ട് ഓരോ കാലഘട്ടത്തിലും വന്ന ബഹുമാനപ്പെട്ട വൈദികരോട് ചേർന്ന് റോഡും,പാലവും,പള്ളിക്കൂടവും ദൈവാലയവും ഒക്കെ പൂർത്തീകരിക്കുവാൻ മുൻപന്തിയിൽ നിന്നവരിൽ നരിമറ്റത്തിൽ കുടുംബാംഗങ്ങളുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് കച്ചേരിക്കടവിന്റെ നാൾവഴികളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രമാണ്.
ഒരു തലമുറയ്ക്ക് അപ്പുറത്തേക്ക് ആരെയും തിരിച്ചറിയാൻ സാധിക്കാത്ത വിധം മറവിരോഗം ബാധിച്ചിരിക്കുന്ന ഇന്നിന്റെ ഒരു സാമൂഹിക പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങളും വ്യക്തിബന്ധങ്ങളും തങ്ങളുടെതായ ലോകത്തേക്കും, ജോലി സ്ഥലങ്ങളിലേക്കും മാത്രം ചുരുങ്ങുന്ന ഈ ആധുനിക കാലഘട്ടത്തിൽ ഈ കുടുംബയോഗത്തിന് ഏറെ പ്രസക്തിയുണ്ട്.
ഏതാനും വ്യക്തികൾ കുടുംബവേരുകൾ തേടി നടത്തിയ ഒരു യാത്രയുടെ സാഫല്യമാണ് ഈ ഒരുമിച്ചുകൂടൽ എന്ന് മനസ്സിലാക്കുന്നു. കുടുംബാംഗങ്ങളെയും,ബന്ധങ്ങളെയും പരസ്പരം തിരിച്ചറിയുവാനും,സ്നേഹവുംസന്തോഷവും പങ്കിടുവാനും സാധിക്കുന്ന വേദിയായി ഈ പ്രഥമ സംഗമവേദി മാറട്ടെ എന്ന് ആശംസിക്കുന്നു.
ഇതിനായി നേതൃത്വം കൊടുത്തവരെ അഭിനന്ദിക്കുന്നതോടൊപ്പം, എല്ലാവിധ വിജയാശംസകളും ദൈവാനുഗ്രഹങ്ങളും പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ, ഫാ. മാത്യു നരിക്കുഴി, വികാരി, സെന്റ് ജോർജ്ജ് ചർച്ച് കച്ചേരിക്കടവ്.
സ്നേഹമുള്ളവരേ, നരിമറ്റത്തിൽ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഈ കുടുംബത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ് 2023 ഡിസംബർ 26ന് കച്ചേരിക്കടവിൽ നടക്കുന്ന കുടുംബസംഗമം. നരിമറ്റത്തിൽ കുടുംബത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഈ കുടുംബത്തിലെ കാരണവന്മാരും മക്കളും കൊച്ചുമക്കളും ഒന്നിച്ച് ചേരുന്ന ഈ സംഗമ വേദി കൂടുതൽ ഊഷ്മളമായ കുടുംബബന്ധങ്ങൾക്ക് കാരണമാകുമെന്ന് പ്രത്യാശിക്കുന്നു.
ഈ കുടുംബസംഗമം യാഥാർത്ഥ്യമാകുമ്പോൾ ഞങ്ങൾ നരിമറ്റത്തിൽ കുടുംബാംഗങ്ങൾ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മാത്യു നരിമറ്റത്തിൽ അച്ചനോടാണ് എന്ന കാര്യം അനുസ്മരിക്കാതെ ഈ കുടുംബസംഗമം ഞങ്ങൾക്ക് നടത്താനാകില്ല. നരിമറ്റത്തിൽ കുടുംബത്തിലെ അംഗങ്ങൾ ഇടുക്കിയിലേയ്ക്കും മലബാറിലേയ്ക്കും കുടിയേറിയതിനുശേഷം പരസ്പരമുള്ള ബന്ധങ്ങൾ കുറഞ്ഞു വന്ന കാലഘട്ടത്തിൽ നരിമറ്റത്തിൽ കുടുംബത്തിലെ എല്ലാ കുടുംബങ്ങളും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് ഒരു ലഘുകുടുംബചരിത്രമെഴുതിയത് മാത്യു അച്ചനായിരുന്നു. ഒരിക്കൽ മാത്രമാണ് എനിക്ക് മാത്യു അച്ചനെ കാണുവാൻ ഭാഗ്യമുണ്ടായത്. അന്ന് ഭാവിയിലൊരിക്കൽ നിങ്ങൾ ഒരു കുടുംബയോഗത്തെക്കുറിച്ച് ആലോചിക്കുകയാണെങ്കിൽ ഈ പുസ്തകം നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് അച്ചൻ എന്നോട് പറഞ്ഞിരുന്നു. മാത്യു അച്ചൻ കാണിച്ചു തന്ന വഴിയേയാണ് കുടുംബയോഗത്തെക്കുറിച്ചുള്ള ചിന്ത ഉയർന്നുവന്നതു മുതൽ ഞങ്ങൾ സഞ്ചരിച്ചത്. അത് പൂർത്തികരിച്ച് കാണുമ്പോൾ അച്ചൻ സ്വർഗ്ഗത്തിലിരുന്ന് സന്തോഷിക്കുമെന്ന് ന്യായമായും നമുക്ക് വിശ്വസിക്കാം.
ഗതാഗതസൗകര്യങ്ങളും പരസ്പരം ബന്ധപ്പെടാൻ മാധ്യമ സൗകര്യങ്ങളും തീരെ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പരസ്പരമുള്ള കണ്ടുമുട്ടലിനും ഒത്തുചേരലിനുംകുറവ് സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിക്കാതിരിക്കാൻ നമ്മുടെ കുടുംബാംഗങ്ങൾക്ക് സാധിക്കുകയില്ല. പിൽക്കാലങ്ങളിലെവിടെയോ നഷ്ടപ്പെട്ടുപോയ കുറവുകൾക്ക് പരിഹാരം കണ്ടെത്തുവാനും നമ്മുടെ കുടുംബങ്ങളുടെ പരസ്പരബന്ധങ്ങളേയും സ്നേഹത്തേയും ദൃഡമാക്കുവാനുമാണ് ഈ കുടുംബയോഗം. കുടുംബ ബന്ധങ്ങളെ വളർത്തുവാനും പരിപോഷിപ്പിക്കുവാനുമുളള നരിമറ്റത്തിൽ കുടുംബാംഗങ്ങളുടെ പരിശ്രമങ്ങളോടൊപ്പം നിൽക്കുവാൻ സാധിച്ചതിൽ ഒരു പാട് സന്തോഷമുണ്ട്. 2023 ഡിസംബർ 26ന് നടക്കുന്ന കുടുംബയോഗത്തിനും അതിനുശേഷം നമ്മുടെ കുടുംബ കൂട്ടായ്മ കൂടുതൽ ഊർജിതമാക്കാൻ ആയി നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹപൂർവ്വം, ഫാ. അനൂപ് നരിമറ്റത്തിൽ സി. എസ്. ടി.
സ്നേഹമുള്ള നരിമറ്റത്തിൽ കുടുംബങ്ങളെ.. വലിയ സന്തോഷത്തോടെയും ആത്മസംതൃപ്തിയോടെയുമാണ് നാം എല്ലാവരും. ബഹുമാനപ്പെട്ട മാത്യുഅച്ചൻ്റെ കുടുംബസംഗമം എന്നസ്വപ്ന സാക്ഷാത്കാര പൂർത്തികരണത്തിന് ചിറകുവിടർത്താൻ തയ്യാറായത്. അച്ഛൻ്റെ എല്ലാ കഠിനപ്രയത്നങ്ങളെയും നരിമറ്റത്തിൽ കുടുംബാംഗങ്ങളോട് കാണിച്ച എല്ലാ കരുതലിനെയും, സ്നേഹത്തെയും നന്ദിയോടെ ഓർക്കുന്നു. അച്ചൻ കൈമാറി തന്ന ദീപശിഖ കെടാതെ നമുക്ക് കൈമാറണം.
കുടുംബം എന്നാൽ സ്നേഹത്താൽ നിർമ്മിച്ച ചെറിയൊരു ലോകമാണ്. പരസ്പരം സ്നേഹിച്ച് ആ ലോകം സുന്ദരമാക്കുക. ഡിസംബർ 26 വലിയ സന്തോഷത്തിന്റെ സദ് വാർത്തയായി മാറട്ടെ. നരിമറ്റത്തിൽ കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടി പരസ്പരം പരിചയപ്പെടാനും നമ്മുടെ സ്നേഹബന്ധങ്ങൾ കൂട്ടി യോജിപ്പിക്കുവാനും ഈ സംഗമം ഒരു വഴിത്താരയായി മാറട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. നമ്മുടെ പൂർവ്വികർ കൈമാറിതന്ന ആത്മീയ ചൈതന്യവും അധ്വാനശീലവും കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണല്ലോ.. അവരോടുള്ള കടപ്പാടും നന്ദിയും ആയിരിക്കട്ടെ നമ്മുടെ അധ്വാനങ്ങൾ. 2023 ഡിസംബർ 26 തീയതി നടക്കുന്ന കുടുംബ സംഗമത്തിന്റെ വിജയത്തിനു വേണ്ടി സഹകരിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും രാപ്പകൽ അധ്വാനിക്കുന്ന എല്ലാ കുടുംബാംഗങ്ങൾക്കും ദൈവാനുഗ്രഹം നേരുന്നു. കുടുംബം നന്നാവണമെങ്കിൽ ഐക്യം വേണം ഐക്യം വേണമെങ്കിൽ സ്നേഹം വേണം സ്നേഹം വേണമെങ്കിൽ പരസ്പരം വിശ്വാസം വേണം ഇവ ചേരുമ്പോൾ ആണ് യഥാർത്ഥമായ കുടുംബം രൂപപ്പെടുന്നത്. ഈ കുടുംബ സംഗമം അതിലേക്കുള്ള ഒരു പ്രയാണം ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ, ഫാ. ജോയൽ നരിമറ്റത്തിൽ MS
Copyright © 2023 Narimattathil Family - All Rights Reserved. Developed & Maintained by Ezel Tech
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.